കേരളത്തിൽ 200 കോടിയുടെ വികസന പദ്ധതികളുമായി നിറ്റാ ജലാറ്റിൻ; പുതിയ പ്ലാന്റ് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു


കൊച്ചി: കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൻ്റെ പുതിയ നാഴികക്കല്ലായി നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ (എൻജിഐഎൽ) 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി. കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുതിയ കൊളാജൻ പെപ്റ്റൈഡ് പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനവും ജെലാറ്റിൻ പ്ലാന്റിന്റെ ശിലാസ്ഥാപനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ നിറ്റാ ജലാറ്റിൻ പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ നൽകുന്ന വ്യവസായങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. നിറ്റാ ജലാറ്റിൻ ഒരുക്കുന്നതും അത്തരം ഒരവസരമാണ്. പുതിയ പ്ലാന്റുകൾ സ്ഥാപിക്കപ്പെടുന്നതോടെ വലിയ രീതിയിലുള്ള തൊഴിലവസരങ്ങളാണ് കേരളത്തിൽ ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു.
കമ്പനിയുടെ വളർച്ചയിലെ സുപ്രധാന ചുവടുവെപ്പായ പുതിയ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിറ്റാ ജെലാറ്റിൻ ഐ.എൻ.സി (ജപ്പാൻ) പ്രസിഡന്റ് ഹിഡെനോരി തകേമിയ നിർവഹിച്ചു. ജപ്പാൻ ആസ്ഥാനമായ മാതൃ കമ്പനിയുടെ നേരിട്ടുള്ള പങ്കാളിത്തം കേരളത്തിലെ നിക്ഷേപ പദ്ധതികൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവായി ഈ ചടങ്ങ് മാറി.
"അനിശ്ചിതത്വങ്ങൾ നിറഞ്ഞ ആഗോള സാഹചര്യത്തിൽ 50 വർഷം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. സാമ്പത്തിക മാന്ദ്യങ്ങൾ മുതൽ ആഗോള വ്യാപാര പ്രതിസന്ധികൾ വരെ അതിജീവിച്ചാണ് കമ്പനി മുന്നേറുന്നത്. ഇനിയും നിറ്റാ ജലാറ്റിൻ കേരളത്തിന്റെ വ്യാവസായിക മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കും," എന്ന് നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ എ.പി.എം മുഹമ്മദ് ഹാനീഷ് ഐഎഎസ് പറഞ്ഞു.
നിറ്റ ജലാറ്റിൻ അങ്ങേയറ്റം പ്രതിസന്ധികളെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ഇനിയും അത് തുടരാൻ എല്ലാ വിധ പിന്തുണയും നൽകുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ വി ഡി സതീശൻ പറഞ്ഞു.
വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ, കമ്പനിയുടെ വാർഷിക വരുമാനം നിലവിലെ 500 കോടി രൂപയിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 750-800 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. പുതിയ കൊളാജൻ പെപ്റ്റൈഡ് പ്ലാന്റ് വരുന്നതോടെ മാത്രം, കമ്പനിയുടെ ഉത്പാദന ശേഷി പ്രതിവർഷം 550 മെട്രിക് ടണ്ണിൽ നിന്ന് 1150 മെട്രിക് ടണ്ണായി ഇരട്ടിക്കും.
ജപ്പാനിലെ നിറ്റാ ജലാറ്റിൻ ഐ.എൻ.സി-യുടെയും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമാണ് എൻജിഐഎൽ. ചടങ്ങിൽ എൻജിഐഎൽ മാനേജിംഗ് ഡയറക്ടർ പ്രവീൺ വെങ്കടരമണൻ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, എൻജിഐഎൽ മുൻ എം ഡി സജീവ് കെ മേനോൻ എന്നിവർ പങ്കെടുത്തു.