നിവിൻ പോളിക്ക് ആശ്വാസം, ലൈംഗികാതിക്രമ കേസിൽ ക്ലീൻ ചിറ്റ്
കൊച്ചി: യുവതിയുടെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് നടൻ നിവിൻ പോളിയുടെ പേര് ഒഴിവാക്കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 14, 15 തീയതികളിൽ ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് നിവിൻ പോളിയും മറ്റ് അഞ്ച് പേരും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോതമംഗലം സ്വദേശിനി പരാതിയിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി പറഞ്ഞ ദിവസം നിവിൻ പോളി ദുബായിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.
നേരത്തെ നിവിൻ പോളിയെ കേസിൽ ആറാം പ്രതിയാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് യുവതി ലൈംഗികാരോപണം ഉന്നയിച്ചത്.
തനിക്കെതിരെ യുവതി ലൈംഗികാതിക്രമ പരാതി നൽകിയതിന് പിന്നാലെ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ പരാതി നൽകിയ യുവതിയെ താൻ ഒരിക്കൽപ്പോലും വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.