ഒൻപത് വർഷങ്ങൾക്ക് മുമ്പ് കോവളത്ത് മരിച്ച യുവാക്കളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയില്ല: കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission

തിരുവനന്തപുരം:  2015 ജൂലൈ 18 ന് കോവളം കടൽത്തീരത്തുണ്ടായ അപകടത്തിൽ മരിച്ച 5 യുവാക്കളുടെ അവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന

മനുഷ്യാവകാശ കമ്മീഷന്റെ 2017 ലെ ഉത്തരവ് നടപ്പാക്കാത്തതിന്റെ  കാരണം വ്യക്തമാക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

നഷ്ടപരിഹാരം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

അപകടത്തിൽ മരിച്ച അഖിൽ പി വിജയന്റെ അമ്മ മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയിനിൽപ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഷ്ടപരിഹാരം ഇതുവരെയും അനുവദിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

പരാതിയിൽ റവന്യൂസെക്രട്ടറി,ടൂറിസം സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർ എന്നിവരിൽ നിന്നും തൽസ്ഥിതി റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്ന് ടൂറിസം സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

മരിച്ച യുവാക്കളുടെ പേരുവിവരങ്ങളും രക്ഷകർത്താക്കളുടെ വിവരങ്ങളും ജില്ലാ കളക്ടർ 6 ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.