ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ ഇല്ല

ബലാത്സംഗക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ഹർജി തള്ളി കേരള ഹൈക്കോടതി
 
Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഗുരുതര ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ 16-ാം ദിവസത്തെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അടിയന്തര പരോൾ അനുവദിക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. പ്രതിയുടെ സഹോദരിയാണ് 10 ദിവസത്തെ അടിയന്തര പരോളിനായി കോടതിയെ സമീപിച്ചത്. 

പ്രതി ചെയ്ത കുറ്റങ്ങൾ അതീവ ഗുരുതരവും നിന്ദ്യസ്വഭാവമുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു കേസിൽ പരോൾ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നേരത്തെ അനുമതി നൽകിയതിലൂടെ പരമാവധി ഇളവ് ഇതിനകം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

അടിയന്തര പരോൾ ആവശ്യപ്പെട്ട അപേക്ഷ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് തള്ളിയതിൽ ഇടപെടേണ്ട അസാധാരണ സാഹചര്യമില്ലെന്നും, പരോൾ അനുവദിക്കാൻ മതിയായ കാരണങ്ങൾ ഹർജിയിൽ ഇല്ലെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.