ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി

ഓണക്കാല പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പരിശോധന

 
veena

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 45 പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന.

ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. പായ്ക്കറ്റുകളില്‍ നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലേബല്‍ വിവരങ്ങളും പരിശോധിക്കും. വീഴ്ചകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും. വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരിക്കും പരിശോധനകള്‍. പാല്‍, പാല്‍ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാര്‍, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. 24 മണിക്കൂറും ഇവിടെ പരിശോധനകള്‍ ഉണ്ടാകും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികള്‍ കൈക്കൊളളുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.

പാഴ്‌സല്‍ ഭക്ഷണം നല്‍കുന്നവര്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ മാത്രമേ ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കാവൂ. പായ്ക്കറ്റിന് പുറത്ത് ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഭക്ഷണത്തില്‍ നിരോധിച്ച നിറങ്ങള്‍ ചേര്‍ക്കുകയോ അനുവദനീയമായ അളവില്‍ കൂടുതല്‍ നിറങ്ങള്‍ ചേര്‍ക്കുകയോ ചെയ്യരുത്.

ഉപഭോക്താക്കള്‍ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.

ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലും www.eatright.foodsafety.kerala.gov.in എന്ന പോര്‍ട്ടലിലും അറിയിക്കാം.