പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്ക്

 
Accident

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിലെ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും വന്ന ഇന്നോവ എതിരെ വന്ന ഓട്ടോയിലും കാറിലും ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരനായിരുന്നു സദൻ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾ തകർന്നിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

പരിക്കേറ്റ അല്ലപ്ര സ്വദേശി സജീവ് രാജി പ്രദീപ്, മലയാറ്റൂർ സ്വദേശി രാജീവ് മിനി ഷിബു എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലിയിൽ നിന്ന് എതിർദിശയിൽ വന്ന കാർ രോഗികളുമായി കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഇന്നോവ കാർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.