ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
വയനാട്: സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തു. നേരത്തെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്കാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉള്‍പ്പെടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എസ്.എന്‍.സി.യു., എന്‍.ബി.എസ്.യു., പ്രസവാനന്തര വാര്‍ഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (എന്‍ക്യുഎഎസ്) ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ (99) മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.