ക്ഷേമപെൻഷനായ 1600 രൂപയുടെ ഒരു ഗഡു കൂടി അനുവദിച്ചു

 
Pension

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകളുടെ ഗുണഭോക്താക്കൾക്ക് ഒരു ഗഡു കൂടി അനുവദിച്ചു. ബുധനാഴ്ച മുതൽ പെൻഷൻകാർക്ക് തുക ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തും. മറ്റുള്ളവർക്ക് പെൻഷൻ തുക സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തും. 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കും. നേരത്തെ ഓണത്തിൻ്റെ ഭാഗമായി മൂന്ന് ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ക്ഷേമപെൻഷൻ വിതരണത്തിന് 33,000 കോടി രൂപ അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിക്ക് ആവശ്യമായ പണത്തിൻ്റെ 98% സംസ്ഥാനമാണ് വഹിക്കുന്നത്.

2% മാത്രമാണ് കേന്ദ്രത്തിൻ്റെ വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർ കേന്ദ്രസർക്കാരിൽ നിന്ന് ശരാശരി 300 രൂപ കൈപ്പറ്റുന്നുണ്ട്. 2023 ജൂലൈ മുതൽ ഒക്‌ടോബർ വരെ ഏകദേശം 400 കോടി കേന്ദ്രസർക്കാരിൻ്റെ വിഹിതം കെട്ടിക്കിടക്കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ക്ഷേമ പെൻഷനുകൾ കൃത്യസമയത്ത് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ദുർബല വിഭാഗങ്ങൾക്കൊപ്പമായിരിക്കും സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.