എടിഎം മോഷണം നടത്തിയ സംഘം ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

 
crime

നാമക്കൽ: തൃശൂർ എസ്ബിഐയുടെ എടിഎമ്മുകളിൽ കവർച്ച നടത്തിയ ആറംഗ സംഘം അറസ്റ്റിൽ. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപത്ത് നിന്നാണ് കവർച്ച സംഘം പിടിയിലായത്. ഹരിയാന സ്വദേശികളായ പ്രതികൾ കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലായത്. പോലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും കവർച്ചക്കാരിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

മോഷ്ടാക്കളുടെ പക്കൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കണ്ടെയ്നറിനുള്ളിൽ ഒരു കാർ ഉണ്ട്. പ്രതികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. മാപ്രാണം കോലഴിയിലും ഷൊർണൂർ റോഡിലുമായി മൂന്ന് എടിഎമ്മുകളാണ് ഇവർ കവർന്നത്. വെള്ളിയാഴ്ച പുലർച്ചെ 2.30 നും 4.00 നും ഇടയിലാണ് സംഭവം.

65 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കാറിൽ എത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറന്ന് പണം കവർന്നു. കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഈ കാർ കണ്ടെത്തിയത്. മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പ്രതികൾ മുഖംമൂടി ധരിച്ചിരുന്നു. എടിഎമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ല. മാപ്രാണം എടിഎമ്മിലാണ് പ്രതികൾ ആദ്യം കവർച്ച നടത്തിയത്. അവിടെ നിന്ന് 30 ലക്ഷം രൂപ അപഹരിച്ചു. കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എടിഎം തകർത്ത് 10 ലക്ഷം രൂപയുമാണ് കവർന്നത്.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ അതിർത്തികളിൽ പരിശോധന കർശനമാക്കി. ഇവർ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് പൊലീസിനെയും വിവരം അറിയിച്ചിരുന്നു.