ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു: ഒളിവിൽ അമ്മയും കാമുകനും അറസ്റ്റിൽ


ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസുകാരനെ ക്രൂരമായി മർദിച്ച അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ കാമുകൻ കൃഷ്ണകുമാർ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിച്ചതിന് പോലീസ് കേസെടുത്തതോടെ ദീപയും കൃഷ്ണകുമാറും ഒളിവിൽ പോയിരുന്നു.
ഇന്ന് രാവിലെ 11.30ഓടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് കൃഷ്ണകുമാറിനെയും ദീപയെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പോലീസ് പിന്നീട് ഇരുവരെയും കുത്തിയതോട് പോലീസിന് കൈമാറി.
ആയുധം ഉപയോഗിച്ച് അപകടകരമായി ദേഹോപദ്രവം ഏൽപിച്ചതിനും മാരകമായ പരിക്കേൽപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അടുപ്പത്തിലായിരുന്ന പ്രതികൾ കുട്ടിയെ മോചിപ്പിക്കാൻ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.