ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ഉബറിനെതിരെ ഡ്രൈവർമാർ
സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നടത്തി വന്ന അനിശ്ചിതകാല സമരം ഭാഗികമായി പിൻവലിച്ചു. യാത്രക്കാർക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ഡ്രൈവർമാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് കാബ് അഗ്രിഗേറ്റർ ആവശ്യപ്പെട്ടതോടെയാണ് സമരത്തിൽ ഇളവ് വരുത്തിയത്.
എന്നാൽ സമരം പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് ഡ്രൈവർ സംഘടനകൾ വ്യക്തമാക്കി. സമരം പൂർണമായി പിൻവലിച്ചെന്ന തരത്തിൽ ഉബർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് അവരുടെ ആരോപണം. ചർച്ചകൾ പൂർത്തിയാകുന്നതുവരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ അറിയിച്ചു.
നിരക്ക് പരിഷ്‌കരണം, അമിത കമ്മീഷൻ കുറയ്ക്കൽ, ഡ്രൈവർമാരുടെ വരുമാന സംരക്ഷണം, അനധികൃത ബൈക്ക് ടാക്സികൾക്കെതിരായ നടപടി എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരം ആരംഭിച്ചത്. ഈ വിഷയങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.