പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

കരാറിൽ ഒപ്പുവെച്ചത് എൽഡിഎഫ് സർക്കാർ: കേരള വിദ്യാഭ്യാസമന്ത്രി
 
Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം. ശ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഒരു മാസത്തെ മുൻകൂർ നോട്ടീസ് നൽകി കേന്ദ്രത്തിനോ അതിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്കോ മാത്രമേ കരാറിൽ നിന്ന് പിന്മാറാനാകൂ എന്ന വ്യവസ്ഥയാണ് ധാരണാപത്രത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. 

എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പുവെക്കുകയും പദ്ധതിയുടെ ഭാഗമായി കേന്ദ്ര ധനസഹായം സ്വീകരിക്കുകയും ചെയ്തതിനാൽ നിലവിലെ സർക്കാർ പദ്ധതി നടപ്പാക്കാൻ ബാധ്യസ്ഥരായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കരാർ പ്രകാരം സംസ്ഥാനത്തിന് ഏകപക്ഷീയമായി പദ്ധതി മരവിപ്പിക്കാനോ പിന്മാറാനോ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം, പി.എം. ശ്രീ പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തിനും പാഠ്യപദ്ധതി രൂപീകരണത്തിനുമുള്ള അധികാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകൾ സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്നും കേന്ദ്രത്തിന് പാഠ്യപദ്ധതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും മന്ത്രി ആവർത്തിച്ചു. 

പി.എം. ശ്രീ പദ്ധതിയെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കരാറിൽ ഒപ്പുവെച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇപ്പോഴത്തെ സർക്കാർ അതിന്റെ നിയമപരമായ ബാധ്യതകൾ പാലിക്കുകയാണെന്നുമാണ് സർക്കാരിന്റെ നിലപാട്.