ഓപ്പറേഷൻ തൂഫാൻ: തന്ത്രം മാറ്റി ലഹരി മാഫിയ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്കിടെ പോലീസിനെ വെട്ടിക്കാൻ ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ സ്വീകരിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. സ്വന്തം മൊബൈൽ നമ്പറുകൾ ഒഴിവാക്കി സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ സിം കാർഡുകൾ ഉപയോഗിക്കുന്നതും ലഹരിവസ്തുക്കൾ കൈമാറാൻ രഹസ്യ 'ഡ്രോപ്പ് പോയിന്റുകൾ' ഒരുക്കുന്നതുമാണ് പ്രധാന രീതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വിൽപ്പനക്കാരനും വാങ്ങുന്നയാളും നേരിട്ട് കണ്ടുമുട്ടുന്നത് പരമാവധി ഒഴിവാക്കുകയാണ് സംഘങ്ങൾ. പണം ഓൺലൈനായി സ്വീകരിച്ച ശേഷം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചുവെക്കുകയും പിന്നീട് വാങ്ങുന്നയാൾ അത് എടുത്തുകൊണ്ടുപോകുകയും ചെയ്യുന്ന രീതിയാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് പൊലീസ് പറയുന്നു.
കൂടാതെ, നിരന്തരം സിം കാർഡുകളും മൊബൈൽ ഫോണുകളും മാറ്റി ഉപയോഗിക്കുന്നതിലൂടെ ഫോൺ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. വ്യാജ തിരിച്ചറിയൽ രേഖകൾ, മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ, എൻക്രിപ്റ്റ് ചെയ്ത മെസേജിങ് പ്ലാറ്റ്ഫോമുകൾ എന്നിവയും ലഹരി ശൃംഖലകൾ കൂടുതൽ ഉപയോഗിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ സാങ്കേതിക നിരീക്ഷണവും രഹസ്യാന്വേഷണവും കൂടുതൽ ശക്തമാക്കിയതായി കേരള പൊലീസ് അറിയിച്ചു. ലഹരി വിതരണ ശൃംഖലയുടെ മുഖ്യ കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനാണ് ഓപ്പറേഷൻ തൂഫാനിലൂടെ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.