മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്ത്

കേരളത്തിലെ വൻ റാക്കറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ഇഡി
 
Kerala

മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ അവയവക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ട് വൻ ലാഭം കൊയ്യാനായിരുന്നു റാക്കറ്റിന്റെ പ്രവർത്തനമെന്ന് ഇഡി വ്യക്തമാക്കി. 

കേരള പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസെടുത്ത ഇഡി അടുത്തിടെ സംസ്ഥാനത്തെ ഒമ്പത് കേന്ദ്രങ്ങളിൽ, ആശുപത്രികൾ ഉൾപ്പെടെ, പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിലാണ് ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനരീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 

2021 മുതൽ 2026 വരെ പ്രതികളായ മുഹമ്മദ് നജീബും റഷീദയും ചേർന്ന് കല്ലാത്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ റാക്കറ്റ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നവരെ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ കണ്ടെത്തി അഞ്ച് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് അവയവദാനത്തിന് പ്രേരിപ്പിച്ചെന്നും, അതേസമയം അവയവം സ്വീകരിക്കുന്നവരിൽ നിന്ന് 20 ലക്ഷം മുതൽ 35 ലക്ഷം രൂപയോ അതിലധികമോ ഈടാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

അന്വേഷണത്തിന്റെ ഭാഗമായി വ്യാജ അവയവദാന സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശക്കത്തുകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ വ്യാപകമായി കൃത്രിമമായി നിർമ്മിച്ചിരുന്നതായും ഇഡി ആരോപിച്ചു. ഈ രേഖകളുടെ സഹായത്തോടെയാണ് നിയമനടപടികൾ മറികടന്ന് അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയതെന്നാണ് കണ്ടെത്തൽ. 

കേസുമായി ബന്ധപ്പെട്ട് ആശുപത്രികൾ, ഇടനിലക്കാർ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളുടെ ശൃംഖലയും അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്.