പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവർണറാക്കിയേക്കും; വോട്ടെടുപ്പ് ഫലത്തിന് ശേഷം തീരുമാനം

 
PV

തൃശൂർ: തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ബിജെപി നേതൃത്വം അനൗദ്യോഗികമായി അറിയിച്ചു. പലയിടത്തുനിന്നും ഇതേക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. ബിജെപി തനിക്ക് നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. പഴയ പാർട്ടിയെപ്പോലെ തന്നെ അവഗണിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ ഛത്തീസ്ഗഢ് ഗവർണറാണ് ബിശ്വഭൂഷൻ ഹരിചന്ദൻ. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം സ്ഥാനമൊഴിയാനാണ് സാധ്യത. ബിജെപിയിൽ ചേരുമെന്ന വാഗ്ദാനമാണ് പത്മജയ്ക്ക് നേതൃത്വം നൽകിയതെന്നും സൂചനയുണ്ട്. പത്മജ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത് പാർട്ടിക്ക് ഗുണം ചെയ്തതായി നേതൃത്വം വിലയിരുത്തുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു പത്മജ.

തന്നെ തുടർച്ചയായി മാറ്റിനിർത്തിയതിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്നും പത്മജ പറഞ്ഞു. എന്തിനാണ് ബിജെപി എന്ന് ചോദിക്കുന്നവർക്ക് ഒറ്റ ഉത്തരമേയുള്ളൂ, മോദിജി. മോദിജിയുടെ കുടുംബം ഇന്ത്യയാണ്. 

ഇവിടെയുള്ള കുട്ടികൾ തൻ്റെ മക്കളാണെന്നും പത്മജ പറഞ്ഞു. ബിജെപിയിൽ ചേർന്നപ്പോൾ തനിക്ക് അച്ഛൻ്റെ തണലും സംരക്ഷണവും ലഭിച്ചതായി തോന്നിയെന്നും പത്മജ പറഞ്ഞിരുന്നു.