പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബൂത്തുകളിൽ നീണ്ട ക്യൂ, ആദ്യ മൂന്ന് മണിക്കൂറിൽ വേഗത്തിലുള്ള പോളിംഗ്

 
Palakkad
Palakkad

പാലക്കാട്: ശക്തമായ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെയാണ്. മിക്കവാറും എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട ക്യൂവാണ് കാണുന്നത്.

പാലക്കാട് നഗരസഭ പിരായിരി കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്. ഇതിൽ 1,00,290 സ്ത്രീ വോട്ടർമാരാണ്.

ആകെ വോട്ടർമാരിൽ 2306 പേർ 85 വയസ്സിനു മുകളിലുള്ളവരാണ്. 2445 പേർ 18 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്‌ജെൻഡർമാരുമാണ്. പട്ടികയിൽ ഉൾപ്പെട്ട പ്രവാസി വോട്ടർമാരുടെ എണ്ണം 229. പാലക്കാട്ട് പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റി. മൂന്ന് സീറ്റുകളിലേക്കും 23നാണ് വോട്ടെണ്ണൽ.

മൂന്ന് സ്ഥാനാർത്ഥികളും ശുഭാപ്തി വിശ്വാസികളാണ്. പാലക്കാട്ട് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് രാഹുൽ മാംകൂട്ടത്തിൽ പ്രതികരിച്ചു. തൻ്റെ പൊതുജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്ന് രാഹുൽ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറും വിജയപ്രതീക്ഷയിലാണ്. വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പി സരിൻ പ്രതികരിച്ചു.