'പാർട്ടി സർവീസ് കമ്മീഷനോ?'; അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ ക്രമക്കേട് ആരോപണം ശക്തം

 
PSC

തിരുവനന്തപുരം: സംസ്ഥാനത്തെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (എഐഒ) നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതോടെ വിവാദം ശക്തമാകുന്നു. നിയമന നടപടികളിൽ സുതാര്യത പാലിച്ചില്ലെന്നും രാഷ്ട്രീയ സ്വാധീനം ചെലുത്തിയെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. 

ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാ നടപടിക്രമങ്ങൾ, വിലയിരുത്തൽ എന്നിവയിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. നിർബന്ധമായ നടപടിക്രമങ്ങൾ മറികടന്നാണ് ചില നിയമനങ്ങൾ നടത്തിയതെന്നും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലെ റിക്രൂട്ട്മെന്റുകൾ പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 

അടുത്തിടെ സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷയിൽ ഉത്തരക്കടലാസുകളുടെ ഭാഗം വിലയിരുത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച സംഭവം പുറത്തുവന്നതോടെ പി.എസ്.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിമർശനവിധേയമായിരുന്നു. തുടർന്ന് റാങ്ക് പട്ടിക റദ്ദാക്കുകയും പുനർമൂല്യനിർണയത്തിനും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു. 

അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിലും സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. ആരോപണങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ വിശദമായ അന്വേഷണം നടത്തി നിയമന നടപടികളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.