പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു

 
Court

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഇതോടെ ഇവർ ജയിൽ മോചിതരാകാനും സാധ്യതയുണ്ട്.

സിബിഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ച മുൻ എംഎൽഎമാരായ കെ വി കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർ ഹൈക്കോടതി വിധിയോടെ ജയിൽ മോചിതരാകും. സി.ബി.ഐ കോടതി ശിക്ഷ വിധിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ മുൻ എം.എൽ.എ ഉൾപ്പെടെ അഞ്ച് പ്രതികളെയും എറണാകുളം ജില്ലാ ജയിലിൽ നിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റി. പി ജയരാജൻ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും ഇവരെ ജയിലിൽ സന്ദർശിച്ചിരുന്നു.

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ സജി കൊലപാതകത്തിന് ശേഷം അറസ്റ്റിലാകാതെ ഒളിവിൽ കഴിയുമ്പോൾ പ്രാദേശിക മാധ്യമപ്രവർത്തകൻ കണ്ടിരുന്നു. തുടർന്ന് ചിത്രമെടുത്ത് ബേക്കൽ പോലീസിൽ വിവരമറിയിച്ചു.

ഇയാളെ അറസ്റ്റ് ചെയ്യാൻ ബേക്കൽ എഎസ്ഐ എത്തിയപ്പോൾ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പ്രതികൾ പൊലീസിനെ തടഞ്ഞു നിർത്തി സ്ഥലം മാറ്റി. ഈ സംഭവത്തിലാണ് സിബിഐ ഇവരെ ശിക്ഷിച്ചത്.

കേസ് ഹൈക്കോടതിയിൽ നിയമപരമായി നേരിടുമെന്ന് വിധിക്ക് ശേഷം സിപിഎം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇവർ നാലുപേർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഐ രാഷ്ട്രീയം കളിക്കുകയാണെന്നും അവർ ആരോപിച്ചു. ഈ വാദങ്ങൾ കോടതിയിൽ സാധൂകരിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് ശിക്ഷ മരവിപ്പിച്ചതിൽ നിന്ന് വ്യക്തമാകുന്നത്.