പ്രണയം നിരസിച്ചതിന് പതിനേഴുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു, പാലക്കാട് രണ്ട് പേർ അറസ്റ്റിൽ

 
Palakkad
Palakkad

പാലക്കാട്: പ്രണയം നിരസിച്ചതിന് പതിനേഴുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ. എറിഞ്ഞ ബോംബ് പൊട്ടാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുലും തോളന്നൂർ സ്വദേശി അഖിലും അറസ്റ്റിലായി. ആക്രമണത്തിൽ പെൺകുട്ടിയുടെ കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ തകർന്നു.

രാഹുലും അഖിലും തമ്മിൽ പെൺകുട്ടി നേരത്തെ സൗഹൃദത്തിലായിരുന്നു. ചില പ്രശ്‌നങ്ങൾ കാരണം പെൺകുട്ടി അവരിൽ ഒരാളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനുശേഷം ഇരുവരും ബൈക്കിൽ എത്തി വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ആദ്യം വീടിന്റെ ജനൽച്ചില്ല് തകർത്തു. പിന്നീട് പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞെങ്കിലും മഴ പെയ്തതിനാൽ അത് കത്തിയില്ല.

ആക്രമണത്തിന് തൊട്ടുപിന്നാലെ ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാക്കളിൽ ഒരാൾ കഞ്ചാവ് കേസുകളിലെ പ്രതിയാണ്.