ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ

 
Sabarimala
Sabarimala

ശബരിമല: മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോതെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.  മസിൽ കോച്ചിവലിക്കൽ, ഉളുക്ക്, കൈകാൽ വേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടാകുന്നവർ ധാരാളമായി ഇവിടെ ചികിത്സ തേടുന്നുണ്ട്. ദിവസവും ഇരുനൂറോളം പേർ ഇവരുടെ സഹായം തേടുന്നു. 

ശരംകുത്തിയിൽ മൂന്നും സന്നിധാനത്ത് ഒന്നും ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്.  അയ്യപ്പ ഭക്തർക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർ, ശുചീകരണത്തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങിയവർക്കൊക്കെ ഈ കേന്ദ്രങ്ങൾ ആശ്വാസമാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെൻ്ററും ചേർന്ന് ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.