പീയുഷ് നോട്ട് ഔട്ട്' – ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു
കൊച്ചി: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയുടെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിച്ച് 'പീയുഷ് നോട്ട് ഔട്ട്'. കളമശ്ശേരി എസ്.സി.എം.എസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പരസ്യ രംഗത്തെ പ്രമുഖരായ നിർവാണ ഫിലിം സ്ഥാപകൻ പ്രകാശ് വർമ്മ, ഒഗിൾവി ഇന്ത്യയുടെ മുൻ നാഷ്ണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു, ഒഗിൾവി ഗുരുഗ്രാം പ്രസിഡന്റ് പ്രകാശ് നായർ, ഒഗിൾവി സൗത്ത് മുൻ സിസിഒ കിരൺ ആന്റണി, സ്റ്റുഡിയോ ഈക്സോറസ് സ്ഥാപകൻ സുരേഷ് ഏറിയാട്ട് എന്നിവർ പീയുഷിനെ അനുസ്മരിച്ചു.
പരസ്യ നിർമ്മാതാക്കളുടെ സംഘടനയായ 'അയാം', പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ്, കേരള മാനേജ്മെന്റ് അ സോസിയേഷൻ (കെഎംഎ), കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ, എസ്.സി.എം.എസ് ഗ്രൂപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
"പരസ്യ രംഗത്തേക്ക് കടന്നു വരുന്നവർക്കുള്ള എക്കാലത്തെയും മികച്ച മാതൃകയാണ് പീയുഷ്. നർമ്മവും നേതൃപാടവവും പീയുഷിന്റെ സവിശേഷതയായിരുന്നു." പ്രകാശ് വർമ്മ പറഞ്ഞു. പുതിയ പരസ്യങ്ങൾ വിഭാവനം ചെയ്യുമ്പോൾ പീയുഷ് സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കുകയും അവർക്ക് വേണ്ടുന്ന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുമായിരുന്നുവെന്ന് രാജീവ് റാവു, പ്രകാശ് നായർ, കിരൺ ആന്റണി, സുരേഷ് ഏറിയാട്ട് എന്നിവർ പറഞ്ഞു.
ഇന്ത്യൻ ആഡ് ഫിലിം മേക്കേർസ് കേരള ഘടകം പ്രസിഡന്റ് സിജോയ് വർഗ്ഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മൈത്രി അഡ്വർടൈസിങ് ക്രിയേറ്റീവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് ചടങ്ങിന്റെ മോഡറേറ്ററായിരുന്നു. പെപ്പർ ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ കെ, ട്രസ്റ്റി ഡോ.ടി.വിനയകുമാർ, കെ 3 എ പ്രസിഡന്റ് രാജു മേനോൻ, കെഎംഎ പ്രസിഡന്റ് കെ ഹരികുമാർ, എസ്.സി.എം.എസ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ പ്രമോദ് തേവന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.