പിഎം പരാമർശ കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണി അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാൻമോണി ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിന് പിന്നാലെ ജാൻമോണിയെ ജാമ്യത്തിൽ വിട്ടു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ജാൻമോണിയുടെ പരാമർശങ്ങളാണ് വിവാദമായത്. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിന് പിന്നാലെ ജാൻമോണി സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തുകയും പരാമർശം വസ്തുതാപരമായി തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
ഭാഷാപരമായ പരിമിതി മൂലമാണ് പരാമർശത്തിൽ ആശയക്കുഴപ്പം ഉണ്ടായതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാൻമോണി വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മാതാവിനെക്കുറിച്ച് താൻ പരാമർശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ ക്ഷമാപണം അംഗീകരിക്കാതെ മഹിളാ മോർച്ച നിയമനടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. പൊതുസമാധാനം തകർക്കാൻ പ്രകോപനം സൃഷ്ടിക്കൽ, ക്രിമിനൽ അപകീർത്തി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയാണ് കേസെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.