യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി കിരാതം: കെ.സുധാകരന്‍ എംപി

* പോലീസ് അഴിഞ്ഞാട്ടത്തിന് അറുതിവരുത്തും
 
SUDHAKARAN  MP

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  അബിന്‍ വര്‍ക്കിയെ ഭീകരമായി വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിച്ചത്.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിയെ ചോദ്യം ചെയ്യുകയും സര്‍ക്കാരിന്റെ തെറ്റായ പ്രവണതകള്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്  അബിന്‍ വര്‍ക്കി.

അതുകൊണ്ട് തന്നെ അബിന്‍ വര്‍ക്കിയുടെ തലയ്ക്കും മുഖത്തും പോലീസ് മര്‍ദ്ദിച്ചത്  രാഷ്ട്രീയ വൈരാഗ്യത്തോടെയാണ്. രാജവിനെക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്. സിപിഎം കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന# പോലീസുകാരെയാണ് പ്രതിഷേധ മാര്‍ച്ച് നേരിടാന്‍ വിന്യസിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്ന പോലീസുകാരെ അതേ നാണയത്തില്‍ കോണ്‍ഗ്രസും തെരുവില്‍ കൈകാര്യം ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെ എസിപി ബൂട്ടിട്ട് ചവിട്ടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിന് പരിക്കേറ്റു. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം ഉള്‍പ്പെടെ വലിച്ചുകീറുകയും മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭ്രാന്ത് പിടിച്ചത് പോലെയാണ് പോലീസ് പെരുമാറിയത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെ തല്ലിച്ചതയ്ക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന് തെളിവാണ് പി.വി. അന്‍വര്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

പോലീസിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കില്‍ അതിന് വലിയ വില ഇടതുസര്‍ക്കാര്‍ നല്‍കേണ്ടിവരും. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ ലാത്തികൊണ്ട് തല്ലിയൊതുക്കി നിശബ്ദമാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമമെങ്കില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. മുഖ്യമന്ത്രിയും എഡിജിപിയും നടത്തിയ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതും മുദ്രാവാക്യം വിളിച്ചതും. ഇത് ജനാധിപത്യരാജ്യത്ത്  തെറ്റാണോ?  പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തരായ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും നടത്തുന്ന മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പണി പോലീസ് നിര്‍ത്തുന്നതാണ് നല്ലതെന്നും  കെ.സുധാകരന്‍ പറഞ്ഞു.