യുഡിഎഫിന് പോപ്പുലർഫ്രണ്ട് പിന്തുണ: രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലർഫ്രണ്ടന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. രാഹുൽ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താൻ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോൺഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്ന നിലപാടിൽ രാഹുൽ മറുപടി പറയണം. ആലോചിച്ച് തീരുമാനം പറയുമെന്നാണ് വിഡി സതീശൻ പറയുന്നത്.
ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ എന്താണിത്ര ആലോചിക്കാൻ. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എംഎം ഹസൻ പറയുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുൽ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അവിലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ എന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ ചെയ്യുമെന്ന മുദ്രാവാക്യം മുഴക്കിയവരാണ് പോപ്പുലർഫ്രണ്ടുകാർ. ബിജെപിക്കാരെ മാത്രമല്ല ചാവക്കാട് കോൺഗ്രസ് നേതാവിനെ പോലും കൊന്നവരാണ് അവർ. യുഡിഎഫ്- പോപ്പുലർഫ്രണ്ട് സഖ്യം വരാൻ എന്ത് ഡീലാണ് നടന്നതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കണം. വർഗീയ പാർട്ടിയായ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാണ് രാഹുൽ ഗാന്ധി മതേതരത്വം പൂത്തുലയ്ക്കുന്നത്.
അർബൻ നക്സലുകളുടെ സമരത്തിന് പിന്തുണ കൊടുക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടാണ് രാഹുൽ വിദേശത്ത് പോയി ഇന്ത്യാ വിരുദ്ധത പറയുന്നത്. എൽഡിഎഫിന് പിഎഫ്ഐ- യുഡിഎഫ് ബന്ധത്തിൻ്റെ കാര്യത്തിൽ നിലപാടില്ല. പിഎഫ്ഐ വോട്ടിന് അവരും ആഗ്രഹിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറ, ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.