പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ജില്ലാ വികസന സമിതിയിൽ പ്രമേയത്തിന് കളക്ടറുടെ അനുമതി


കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയിൽ പ്രമേയം. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് കളക്ടർ പ്രമേയത്തിന് അനുമതി നൽകിയത്.
എ.ഡി.എമ്മിൻ്റെ നിര്യാണത്തിൽ യോഗം തുടങ്ങുന്നതിന് മുമ്പ് അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. യോഗത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ ഇതിനെ എതിർത്തു. ഇതോടെ യോഗം പ്രക്ഷുബ്ധമായി.
തുടർന്ന് പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിച്ചത് അജണ്ടയുടെ ഭാഗമായി ഉൾപ്പെടുത്താൻ കലക്ടർ സമ്മതിച്ചു. ജില്ലാ വികസന സമിതിയിലെ പ്രമേയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യോഗത്തിന് ശേഷം കലക്ടർ പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണത്തിൽ രൂക്ഷ വിമർശനം നേരിടുന്ന ജില്ലാ കളക്ടർ അരുൺ കെ വിജയൻ അവധിയിൽ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജില്ലാ വികസന സമിതി യോഗം.