കരുവന്നൂർ ബാങ്കിൽ അനധികൃത വായ്പ അനുവദിക്കാൻ സമ്മർദ്ദം; മന്ത്രി പി രാജീവിനെതിരെ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സത്യവാങ്മൂലം സമർപ്പിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂർ ബാങ്കിൽ അനധികൃത വായ്പ അനുവദിക്കാൻ പി രാജീവ് സമ്മർദ്ദം ചെലുത്തിയിരുന്നതായി ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറാണ് മന്ത്രിക്കെതിരെ മൊഴി നൽകിയത്. അതിനിടെ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വർഗീസിനോട് നിർദേശിച്ചിരിക്കുന്നത്. നേരത്തെ ഹാജരാകാൻ എംഎം വർഗീസിന് സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് കൂടുതൽ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. അഞ്ച് അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഓരോ അക്കൗണ്ടുവഴിയും അരക്കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂർ നിക്ഷേപ തട്ടിപ്പിലും സി.പി.എമ്മിന് കമ്മീഷനുകൾ ലഭിച്ചിട്ടുണ്ട്. ബിനാമി വായ്പകൾക്കുള്ള കമ്മീഷൻ തുക പാർട്ടി അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്.
ബാങ്ക് ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ പാർട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചതായും ഇഡി അറിയിച്ചു. എന്നാൽ കരുവന്നൂരിലെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല.