അവശ്യസാധനങ്ങളുടെ വില കുറയുന്നു; ഓണവിപണിക്ക് ആശ്വാസം
തിരുവനന്തപുരം: പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണക്കാലത്ത് ആശ്വാസം പകരുന്നു. അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ആറുമാസം മുൻപുണ്ടായിരുന്ന വിലയിൽ എത്തിയിരിക്കുകയാണ്.
മുളകിൻ്റെയും മല്ലിയിലയുടെയും വില കുറയുന്നു. സർക്കാർ ഓണച്ചന്തകൾ തുറന്നതോടെ അവശ്യസാധനങ്ങൾക്ക് ക്ഷാമമില്ല. ഇവിടെ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കും. ചില സാധനങ്ങൾക്ക് മാത്രമാണ് വില കൂടിയത്.
പൊതുവിപണിയിൽ കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലെത്തിയ അരിവില 50 രൂപയിൽ താഴെയായി.300 രൂപ വരെയുണ്ടായിരുന്ന മുളകിന് ഇപ്പോൾ 180-195 രൂപയായി. മല്ലിയിലയുടെ വില 200ൽ നിന്ന് 100 രൂപയായി കുറഞ്ഞു.വെളള ചെറുപയർ, ഗ്രീൻപീസ് എന്നിവയുൾപ്പെടെ ഏതാനും ഇനങ്ങൾക്ക് മാത്രമാണ് വില കൂടിയത്.
വെള്ളക്കടല 100ൽ നിന്ന് 160 രൂപയായി. ഗ്രീൻപീസ് 60-70ൽ നിന്ന് 160-170 രൂപയായി. എഫ്‌സിഐ ഗോഡൗണുകളിലെ മിച്ചം വരുന്ന ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്ക് മൊത്തക്കച്ചവടക്കാർക്ക് നൽകുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒഎംഎസ്എസ്) ലേലത്തിൽ പങ്കെടുക്കാൻ സപ്ലൈകോയ്ക്ക് വീണ്ടും അവസരം ലഭിച്ചതിനാൽ ഔട്ട്‌ലെറ്റുകളിൽ അരിക്ക് ക്ഷാമമില്ല. ഇത് പൊതുവിപണിയിലെ അരിവിലക്കയറ്റത്തിനും നിയന്ത്രണമേർപ്പെടുത്തി.
അരി വില എങ്ങനെ നിയന്ത്രിക്കപ്പെട്ടു
1. ഓണവിപണിയിൽ ആവശ്യത്തിന് അരി സ്റ്റോക്ക് കൺസ്യൂമർഫെഡും സപ്ലൈകോയും എത്തിച്ചു
2. റേഷൻ കടകളിൽ വെള്ള, നീല കാർഡുകൾക്ക് 10 കിലോ സ്പെഷ്യൽ അരി അനുവദിച്ചിട്ടുണ്ട്. 10.90
3. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നല്ല വിളവ് ലഭിച്ചതോടെ അരിയുടെ ലഭ്യത വർധിച്ചു
നിലവിലെ അരി വില
(കിലോയ്ക്ക്, രൂപയിൽ)
മട്ട വാടി...................................48 - 52
മട്ട ഉണ്ട............................34-46
ഡോപ്പി............................35- 46
സുരേഖ..............................42-46
ആന്ധ്ര വെള്ള...................39- 42
പൊന്നി................................40-65
(ചാലയിലെ മൊത്തവിപണി വില, ചില്ലറ വിപണിയിൽ അഞ്ച് രൂപ കൂടിയേക്കും)
“ഓണം മേളകളിൽ ഇപ്പോൾ തിരക്കാണ്.സർക്കാരിൻ്റെ വിപണി ഇടപെടൽ വിജയിച്ചതിൻ്റെ തെളിവാണിത്.
-ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി