കേരളത്തിൽ സ്വകാര്യവൽക്കരണമോ പുതിയ അപൂർവ ധാതു ഖനനമോ അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

 
Kerala

കേരളത്തിൽ മിനറൽ സാൻഡിന്റെ സ്വകാര്യവൽക്കരണത്തിനും അപൂർവ ധാതുക്കളുടെ (Rare Earth Minerals) പുതിയ ഖനനത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സൗത്ത് കേരള ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ ഖനനത്തിന് വഴിയൊരുക്കാനാണെന്ന ആരോപണം മന്ത്രി തള്ളി. നിലവിൽ ചർച്ച ചെയ്യുന്നത് പൊതുമേഖലാ സ്ഥാപനങ്ങൾ മുഖേന ധാതുക്കൾക്ക് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതികളാണെന്നും പുതിയ ഖനനമോ സ്വകാര്യവൽക്കരണമോ അതിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. 

"മിനറൽ സാൻഡ് പൊതുമേഖലയ്ക്കായി സംവരണം ചെയ്തതാണ്. അത് സ്വകാര്യവൽക്കരിക്കില്ല. ഭാവിയിൽ സ്വകാര്യവൽക്കരണമോ പുതിയ ഖനനമോ ഉണ്ടാകുന്ന സാഹചര്യം വന്നാൽ യു.ഡി.എഫ് അത് അനുവദിക്കില്ല," എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

നിർദിഷ്ട മിനറൽ കോറിഡോർ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ (MoU) സർക്കാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ 2011 മുതൽ പിന്തുടർന്നിരുന്ന "പുതിയ ഖനനമില്ല, സ്വകാര്യവൽക്കരണമില്ല" എന്ന നയമാണ് നിലവിലെ സർക്കാരും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.