കണ്ണൂരിലെ വിസ്മയ പാർക്കിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രൊഫ ഇഫ്തേഖർ അഹമ്മദ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ വിസ്മയ പാർക്കിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രൊഫസർ അറസ്റ്റിൽ. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ ഇഫ്തേഖർ അഹമ്മദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
മലപ്പുറം സ്വദേശിനിയായ 22കാരിയോടാണ് പാർക്കിലെ വേവ് പൂളിൽ ഇഫ്തേഖർ അഹമ്മദ് മോശമായി പെരുമാറിയത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് പാർക്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചു. നിലവിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ നവംബറിൽ ഇതേ സർവകലാശാലയിൽ പഠിക്കുന്ന പിജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ജോലിയിൽ തിരിച്ചെത്തിയപ്പോൾ വ്യാപക പ്രതിഷേധമുയർന്നിരുന്നു.