മാനന്തവാടി ടൗണിൽ കാട്ടാന പരിഭ്രാന്തി പരത്തി നിരോധനാജ്ഞ പുറപ്പെടുവിച്ചു

 
Elephant

വയനാട്: മാനന്തവാടി ടൗണിന് സമീപം കാട്ടാന ക്യാമ്പ് ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടിയിലെ സ്‌കൂളിൽ എത്തിയ കുട്ടികളോട് ക്ലാസ് മുറികളിൽ തുടരാനും സ്‌കൂളിലേക്ക് പോകാനൊരുങ്ങുന്നവരോട് വീട്ടിൽ തന്നെ കഴിയാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

മാനന്തവാടി നഗരം കേന്ദ്രീകരിച്ചുള്ള സ്‌കൂളുകളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികളെ അയക്കരുതെന്ന് തഹസിൽദാർ അറിയിച്ചു. നിലവിൽ സ്‌കൂളിൽ എത്തിയ വിദ്യാർഥികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി സൂക്ഷിക്കാനാണ് നിർദേശം. ഇന്നലെ രാത്രി എടവക പഞ്ചായത്തിലെ പായോട് ഭാഗത്താണ് ആനയെ കണ്ടത്. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചതായി പരിസരവാസികൾ പറഞ്ഞു. പാല് വിതരണത്തിനെത്തിയ ക്ഷീരകര് ഷകരാണ് രാവിലെ ആനയെ ആദ്യം കണ്ടത്.

ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. രാവിലെ എട്ട് മണിയോടെ മാനന്തവാടി ടൗണിന് സമീപം എത്തിയ ആന ഒമ്പത് മണിയോടെ താഴെയങ്ങാടി മേഖലയിലെ വയലുകൾക്ക് സമീപമാണ് കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി മാനന്തവാടി ടൗൺ സന്ദർശിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആൾക്കൂട്ടത്തിൽ തടിച്ചുകൂടുകയോ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.