2021 മുതൽ മിക്സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് 53 സ്‌കൂളുകൾക്ക്:മന്ത്രി വി ശിവൻകുട്ടി
Jun 7, 2024, 18:43 IST
തിരുവനന്തപുരം : 2021 മുതൽ മിക്സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് 53 സ്‌കൂളുകൾക്കാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിൽ 26 എണ്ണം സർക്കാർ സ്കൂളുകൾ ആണ്. 27 എണ്ണം എയിഡഡ് സ്‌കൂളുകളുമാണ്.
സംസഥാനത്ത് ആൺകുട്ടികൾക്ക് മാത്രമായും, പെൺകുട്ടികൾക്ക് മാത്രമായും എൽപി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ സർക്കാർ/എയ്‌ഡഡ് മേഖലയിൽ നിരവധി സ്ക്കൂളുകൾ നിലവിലുണ്ട്. ഇവയിൽ പലതും മിക്സഡ് സ്കൂൾ ആക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിക്കുന്നുണ്ട്. ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക എന്നിവ സർക്കാരിൻ്റെ പ്രഖ്യാപിത നയമാണ്. ആയതിനാൽ ആൺകുട്ടികൾ/പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകൾ മിക്സഡ് ആക്കുന്നതിനു അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ പ്രസ്തുത അപേക്ഷകൾ പരിശോധിച്ചു തീരുമാനം എടുക്കുന്നതിനു മാർഗ്ഗനിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.
സ്കൂളിൽ കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം മതിയായ എണ്ണം ക്ളാസ് റൂമുകൾ ഫർണിച്ചർ സൗകര്യങ്ങൾ, കുടിവെള്ളം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരിക്കണം,മതിയായ സുരക്ഷിതത്വം നൽകുന്ന രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിരിക്കണം,അധിക വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുംവിധം സ്കൂളിന് മതിയായ കളിസ്ഥലം ഉണ്ടായിരിക്കണം,സർക്കാർ സ്കൂളുകളെ സംബന്ധിച്ച് PTA യുടെ അപേക്ഷ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം,ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ സ്കൂൾ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശ എന്നിവ ഉണ്ടായിരിക്കണം. സ്കൂളുകൾ മിക്സഡ് ആക്കുന്നതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം,മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കു പുറമേ എയ്‌ഡഡ് സ്‌കൂളുകളുടെ കാര്യത്തിൽ മാനേജരുടെ അപേക്ഷയും ഉണ്ടായിരിക്കണം, മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള എല്ലാ ശിപാർശയും പൊതുവിദ്യാഭ്യാസഡയറക്ടർ മുഖാന്തിരമാണ് സർക്കാരിൽ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം പ്രസ്തുത സ്കൂളിന്റെ 3 കി.മീറ്റർ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ (കുട്ടികളുടെ/അധ്യാപകരുടെ/മറ്റു സ്റ്റാഫുകളുടെ എണ്ണം, സർക്കാർ/എയ്‌ഡഡ്/അൺ -എയ്‌ഡഡ് സ്കൂളുകളുടെ വിശദവിവരം, സംരക്ഷിത അധ്യാപകരുടെ വിശദവിവരം) എന്നിവയും ലഭ്യമാക്കേണ്ടതാണ് തുടങ്ങിയവയാണ് മാർഗ നിർദേശങ്ങൾ.