പുലിക്കളി ഫണ്ട് വൈകിയത് ‘അധമ രാഷ്ട്രീയ കളി’ മൂലം: സുരേഷ് ഗോപി

 
Sg

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം ലഭിക്കാൻ ഒരു വർഷത്തോളം വൈകിയതിനു പിന്നിൽ ‘അധമ രാഷ്ട്രീയ പ്രവർത്തനം’ നടന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. ഫണ്ട് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ വിമർശനം. 

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചത്. നിരവധി തവണ ടൂറിസം സെക്രട്ടറി ബിജുവിനെ ബന്ധപ്പെട്ടിരുന്നുവെന്നും വിഷയം വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് പ്രധാനമന്ത്രിയുടെയോ അമിത് ഷായുടെയോ സുരേഷ് ഗോപിയുടെയോ വ്യക്തിഗത പണമല്ലെന്നും ഇന്ത്യയുടെ ഫണ്ടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്രസഹായം ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പരിപാടിയുടെ പ്രചാരണ സാമഗ്രികളിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ലോഗോ ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇത് പാലിക്കാത്തതാണ് ഫണ്ട് വൈകാൻ കാരണമായതെന്നും പിന്നീട് കേരളം വീഴ്ച അംഗീകരിച്ചതോടെയാണ് ധനസഹായം അനുവദിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. 

അതേസമയം, കഴിഞ്ഞ വർഷത്തെ പുലിക്കളിക്ക് പ്രഖ്യാപിച്ച കേന്ദ്രസഹായം മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്തതിൽ തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പുലിമുഖം ധരിച്ചായിരുന്നു പ്രതിഷേധം. 

പുലിക്കളിയിൽ പങ്കെടുത്ത സംഘങ്ങൾക്ക് കേന്ദ്രസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഫണ്ട് വൈകുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായിരുന്നു.