രാഹുലിന് രണ്ടിലധികം ഭാര്യമാരുണ്ട്, പഴയ വിവാഹങ്ങൾ വേർപെടുത്തിയിട്ടില്ല’; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

 
crm

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാരുണ്ടെന്ന് പോലീസ്. ഇയാൾ നേരത്തെ രണ്ടുതവണ വിവാഹിതനായിട്ടുണ്ടെന്നും വിവാഹമോചനം നേടാതെ പറവൂരിൽ നിന്ന് മൂന്നാമതും വിവാഹം കഴിച്ചതായും പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുൽ പൂഞ്ഞാറിൽ വിവാഹം രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഈ വിവാഹം വേർപെടുത്തിയിട്ടില്ല. എന്നാൽ ഇയാൾ ആദ്യം വിവാഹം കഴിച്ച പൂഞ്ഞാറിലെ യുവതി പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇതിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവർ രണ്ടുപേരും കൂടാതെ മൂന്നാമതും വിവാഹം കഴിച്ചതായി വിവരമുണ്ട്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. രാഹുൽ പി ഗോപാലിനെതിരെ പന്തീരാങ്കാവ് പൊലീസ് ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഫിറോക്ക് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മിഷണർ സാജു കെ എബ്രഹാമിൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇയാൾ വിദേശത്തേക്ക് പോകാതിരിക്കാൻ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഫിറോക്ക് എസിപി സാജു കെ എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഏഴുപേരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം വിഷയത്തിൽ രാഹുലിൻ്റെ അമ്മ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. മകൻ രാഹുൽ യുവതിയെ മർദിച്ചെന്നും എന്നാൽ അത് സ്ത്രീധനത്തിന് വേണ്ടിയായിരുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫോണിൽ വന്ന സന്ദേശത്തെച്ചൊല്ലി വാക്ക് തർക്കമുണ്ടായതായി അവർ വ്യക്തമാക്കി.

ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നില്ല വഴക്ക്. വീട്ടിലെത്തിയ പെൺകുട്ടി മറ്റ് കുടുംബാംഗങ്ങളുമായി സഹകരിച്ചില്ല. ഭക്ഷണം കഴിക്കാൻ മാത്രമാണ് അവൾ ഇറങ്ങുന്നത്. എനിക്ക് പടികൾ കയറാൻ കഴിയാത്തതിനാൽ ഞാൻ സാധാരണയായി മുകളിലേക്ക് പോകാറില്ല. ആക്രമണത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ രാഹുൽ വീട്ടിലുണ്ടായിരുന്നുവെന്ന് ഉഷ പറഞ്ഞു.

മെയ് അഞ്ചിന് ഗുരുവായൂരിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.മെയ് 11നാണ് ഇവർ ആക്രമിക്കപ്പെട്ടത്.കോട്ടയം സ്വദേശിയാണ് രാഹുൽ. കോഴിക്കോട്ട് താമസം തുടങ്ങിയിട്ട് നാലഞ്ചു വർഷമേ ആയിട്ടുള്ളൂ. രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ കുടുംബം മുഖ്യമന്ത്രി വനിതാ കമ്മീഷനും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാട്ടിയിരുന്നുവെന്ന് ഇവരുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.