എം ടി വാസുദേവൻ നായർ പറഞ്ഞ കാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

 
Ramesh

തിരുവനന്തപുരം: ആരാധവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മൾ നിൽക്കേണ്ടത്. യഥാർത്ഥത്തിൽ ജനങ്ങളോടൊപ്പം, ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം, നാടിന്റെ പ്രശ്നങ്ങളോടൊപ്പം നാടിനെ സ്നേഹിക്കുന്ന, നാടിനെ സേവിക്കുന്ന  പ്രവർത്തനത്തോടൊപ്പം നിൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അവരാണ് ഇത് ശ്രദ്ധിക്കേണ്ടത്.  

എം.ടി ഉന്നം വെയ്ക്കുന്നത് ഈ രണ്ടു ഭരണാധികാരികളെയുമാണ്. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. സ്തുതി പാഠകരുടെയും ആരാധകരുടെയും പുകഴ്ത്തലുകൾക്ക് മുൻപിൽ നമ്മുടെ ഭരണാധികാരികൾ നിൽക്കുകയാണ്. പുകഴ്ത്തിയാൽ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കണം. ഇത് കേരളത്തിൽ ഒരു കാലത്തും കാണാത്ത  പ്രതിഭാസമാണ്. നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഈ പുകഴ്ത്തലുകൾ കേൾക്കുന്നവരാണ്. ഇ എം എസ് വേറിട്ട രീതിയിൽ പ്രവർത്തിച്ച ഒരു നേതാവാണ്. 

അദ്ദേഹത്തിനെ മാതൃകയാക്കാൻ കമ്യൂണിസ്റ്റ് നേതാക്കന്മാർ വരുന്നില്ല എന്ന് എം ടി ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു ജ്ഞാനപീഠം ജേതാവായ എം ടി കേരളത്തിന്റെ പൊതുസ്വത്താണ് അഭിമാനമാണ്. അദ്ദേഹം പിണറായി വിജയനെ വേദിയിലിരുത്തി ഇത്രയെങ്കിലും പറഞ്ഞത് മനസ്സിലാക്കും എന്ന് കരുതുന്നു. എന്തായാലും എംടി സമൂഹത്തിലെ പുഴുക്കുത്തുകൾക്കും ജീർണ്ണതക്കും എതിരെ സംസാരിച്ചതിനെ ഞാൻ അഭിനന്ദിക്കുന്നു. സാഹിത്യ നായകന്മാർ ആദ്യമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോൾ ഭയം മൂലം മൗനമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.