റാസൽഖൈമ ബസ്–ട്രക്ക് അപകടം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു; കൂടുതൽ മലയാളികൾ ഇരകളായെന്ന് സംശയം

 
NRI

യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് അപകടത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനിയായ സങ്കീർത്ത സുരേഷ് (26) ആണ് മരിച്ചത്. ബന്ധുക്കളാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ ആകെ 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം.

റാസൽഖൈമയിലെ അൽ വതൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി എത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ റാസൽഖൈമയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികളുണ്ടാകാമെന്ന സംശയവും ഉയരുന്നുണ്ട്.

മരിച്ചവരുടെ പൂർണമായ വിവരങ്ങൾ ഉൾപ്പെടുത്തിയ ഔദ്യോഗിക പട്ടിക റാസൽഖൈമ പൊലീസ് പുറത്തുവിടാനിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.