നമ്പി രാജേഷിൻ്റെ മൃതദേഹവുമായി എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ നീതി തേടി

 
Nambi

തിരുവനന്തപുരം: ഒമാനിൽ മരിച്ച നമ്പി രാജേഷിൻ്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു. ഈഞ്ചക്കലിലെ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഓഫീസിന് മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. രാജേഷിൻ്റെ ഭാര്യാപിതാവ് ഓഫീസിനുള്ളിൽ പ്രതിഷേധിക്കുകയാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ബന്ധുക്കൾ നീതി ആവശ്യപ്പെടുന്നു. എന്നാൽ എയർ ഇന്ത്യയുടെ ജീവനക്കാരാരും അവരോട് സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം ഇന്ന് കരമനയിലെ വീട്ടിലെത്തിച്ച് ശാന്തികവാടത്തിൽ സംസ്‌കരിക്കും. ജീവനക്കാരുടെ സമരത്തെ തുടർന്ന് രാജേഷിൻ്റെ ഭാര്യ അമൃതയ്ക്ക് ഒമാനിലേക്ക് പോകാനായില്ല.

നമ്പി രാജേഷ് മസ്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മെയ് ഏഴിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് തന്നെ ഭാര്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

മെയ് എട്ടിന് ഒമാനിലേക്ക് പോകാനായി അമൃത എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അവർക്ക് പോകാൻ കഴിഞ്ഞില്ല. മെയ് 9 ന് വിമാനം പറത്താമെന്ന് അറിയിച്ചെങ്കിലും അന്നത്തെ വിമാനം റദ്ദാക്കിയതിനാൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് വിമാനങ്ങളൊന്നും ലഭ്യമായില്ല.

തിങ്കളാഴ്ചയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്.