രാഹുൽ മാംകൂട്ടത്തിന് ആശ്വാസം; രണ്ട് പുതിയ കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരും

 
Rahul

തിരുവനന്തപുരം: രണ്ട് പുതിയ കേസുകളിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാംകൂട്ടത്തിലിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. എന്നാൽ റിമാൻഡ് ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ രാഹുൽ ജയിലിൽ തന്നെ തുടരും. അതേസമയം ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും.

സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാഹുലിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രണ്ടാഴ്‌ച റിമാൻഡ് ചെയ്‌ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ നിരവധി നേതാക്കളാണ് രാഹുലിനെ ജയിലിൽ സന്ദർശിച്ചത്.

നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ ശാരീരികമായി ആക്രമിച്ച പോലീസിനും സിപിഎമ്മിനുമെതിരെ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് അക്രമാസക്തമായി. ഇതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസെന്റുമാണ് രണ്ടും മൂന്നും പ്രതികൾ. കേസിലെ നാലാം പ്രതിയാണ് രാഹുൽ.