കേരളത്തിലെ വിസി നിയമന തർക്കത്തിന് പരിഹാരം; സിസ തോമസിനും സജി ഗോപിനാഥിനും ഗവർണർ–സർക്കാർ ധാരണ

 
Kerala

കേരളത്തിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുണ്ടായിരുന്ന തർക്കത്തിന് ഒത്തുതീർപ്പ്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (KTU) വൈസ് ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല കേരളയുടെ വൈസ് ചാൻസലറായി സജി ഗോപിനാഥിനെയും നിയമിക്കുന്നതിൽ ഇരുപക്ഷവും ധാരണയിലെത്തി. 

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും സംസ്ഥാന സർക്കാരും തമ്മിൽ വൈസ് ചാൻസലർ നിയമനങ്ങളെച്ചൊല്ലിയുണ്ടായിരുന്ന ദീർഘകാല തർക്കത്തിനാണ് ഇതോടെ വിരാമമായത്. ഗവർണർ സെക്രട്ടേറിയറ്റ് ഇരുവരുടെയും നിയമന ഉത്തരവ് പുറപ്പെടുവിച്ചു. 

സിസ തോമസിന്റെ പേര് ഗവർണറുടെയും സജി ഗോപിനാഥിന്റെ പേര് സംസ്ഥാന സർക്കാരിന്റെയും പരിഗണനയിലുണ്ടായിരുന്നവയായിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം വൈസ് ചാൻസലർ നിയമനത്തിനായി രൂപീകരിച്ച സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ നടപടികൾക്കിടെയാണ് ഒത്തുതീർപ്പ് ഉണ്ടായത്. 

വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള അധികാരത്തർക്കം നേരത്തെ നിയമപോരാട്ടത്തിലേക്കും നീണ്ടിരുന്നു. പുതിയ ധാരണയോടെ കെ.ടി.യുവിനും ഡിജിറ്റൽ സർവകലാശാലയ്ക്കും സ്ഥിരം വൈസ് ചാൻസലർമാരെ ലഭിക്കുന്നതിനുള്ള വഴിയാണ് തുറന്നത്.