തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്തുവരുന്നു; റാന്നിയിൽ യു.ഡി.എഫിന് ആദ്യ ജയം

 
UDF 23

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഫലങ്ങൾ പുറത്തുവരുന്നതിനിടെ റാന്നി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പടി വാർഡിൽ യു.ഡി.എഫ് അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 11.12ന് പുറത്തുവന്ന റിപ്പോർട്ടിലാണ് ഫലം സ്ഥിരീകരിച്ചത്.

മുട്ടം പഞ്ചായത്ത് ഒൻപതാം വാർഡിലും എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. എൽസമ്മ ടോമാണ് ഇവിടെ വിജയിച്ചത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽ.ഡി.എഫ് 18 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തിയതായും റിപ്പോർട്ടുകളുണ്ട്.

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിലും കോൺഗ്രസ് വിജയിച്ചു. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡ് യു.ഡി.എഫ് നിലനിർത്തി. മറ്റ് വാർഡുകളിലെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്.

സെപ്റ്റംബർ 28ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആകെ 58.81 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 12 ജില്ലകളിലായി 38 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്; 126 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇന്ന് പുറത്തുവരുന്ന ഫലങ്ങൾ സംസ്ഥാനത്തെ തദ്ദേശ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളുടെ ചിത്രം നൽകുമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തുന്നത്.