സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി റിയാസ് പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നു

 
riyas666

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനങ്ങളുടെ പെരുമഴ. തലസ്ഥാന നഗരിയിലെ സ്‌മാർട്ട് സിറ്റി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സി.പി.എം നേതാക്കൾ കരാറുകാരുമായി ദുരൂഹ ഇടപാട് നടത്തിയെന്ന് തോന്നിപ്പിക്കുന്ന റിയാസിൻ്റെ പ്രസംഗം അപക്വമാണെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അതൃപ്തി മന്ത്രിയെ അറിയിച്ചതായാണ് സൂചന.

കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് അതൃപ്തിയുണ്ടെന്ന് പൊതുയോഗത്തിൽ കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട മുഹമ്മദ് റിയാസിൻ്റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.

പാർട്ടി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനെതിരെ പോലും വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായത്. റിയാസിൻ്റെ നടപടി തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിൻ്റെ പൊതു നിലപാട്.

പ്രസംഗം വിവാദമായതോടെ താൻ കടകംപള്ളിയെയോ മറ്റ് നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് പറഞ്ഞ് റിയാസ് രംഗത്തെത്തി. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും റിയാസുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന കുറിപ്പും കടകംപള്ളി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.