₹12,000 കോടി കുടിശ്ശിക; ടി.ആർ.ഇ.ഡി.എസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാർ
കേരള സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഏകദേശം ₹12,000 കോടി കുടിശ്ശിക അടിയന്തരമായി തീർപ്പാക്കുകയോ, അല്ലെങ്കിൽ ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) വഴി പണം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുകയോ വേണമെന്ന ആവശ്യവുമായി സർക്കാർ കരാറുകാർ രംഗത്തെത്തി. കുടിശ്ശിക നീണ്ടുപോകുന്നത് ബാങ്ക് വായ്പാ തിരിച്ചടവിനെ ബാധിക്കുന്നതിനാൽ കരാറുകാരെ 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും അവർ ഉയർത്തുന്നു.
പൊതുമരാമത്ത്, കേരള വാട്ടർ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ, നബാർഡ് പദ്ധതികൾ, ജൽജീവൻ മിഷൻ തുടങ്ങി വിവിധ വകുപ്പുകളിൽ പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകളാണ് മാസങ്ങളായി കുടിശ്ശികയായി തുടരുന്നതെന്ന് കരാറുകാരുടെ സംഘടന ആരോപിച്ചു. കുടിശ്ശിക കാരണം വായ്പകളുടെ തവണ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പലർക്കും ബാങ്കുകളിൽ നിന്ന് പുതിയ വായ്പ ലഭിക്കാനുള്ള സാധ്യത പോലും നഷ്ടമാകുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കരാറുകാർ നിർദേശിക്കുന്ന TReDS സംവിധാനം നടപ്പാക്കിയാൽ, സർക്കാർ അംഗീകരിച്ച ബില്ലുകൾ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ മുൻകൂറായി ഡിസ്കൗണ്ട് ചെയ്ത് പണം നൽകും. പിന്നീട് സർക്കാർ നിശ്ചിത സമയത്ത് ബാങ്കിന് തുക നൽകുന്ന രീതിയാണിത്. ഇതുവഴി കരാറുകാർക്ക് പ്രവർത്തന മൂലധന ക്ഷാമം ഒഴിവാക്കാനും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും കഴിയുമെന്ന് അവർ പറയുന്നു.
കുടിശ്ശിക ഉടൻ തീർപ്പാക്കുകയോ ബദൽ ധനസഹായ സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് തിരിച്ചടിയാകുമെന്നും പുതിയ ടെൻഡറുകളിൽ പങ്കെടുക്കാൻ കരാറുകാർക്ക് ബുദ്ധിമുട്ട് നേരിടുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.