ഓൺലൈനിൽ വാങ്ങിയ ചെരുപ്പ് തിരിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ 2.69 ലക്ഷം രൂപ നഷ്ടമായി; വാട്‌സ്ആപ്പ് വീഡിയോ കോൾ തട്ടിപ്പ്

 
Cyber

കണ്ണൂർ: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് വാങ്ങിയ ചെരുപ്പ് തിരിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ കണ്ണൂർ സ്വദേശിയായ 65-കാരന് 2.69 ലക്ഷം രൂപ നഷ്ടമായി. വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി മൊബൈൽ ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ധർമശാല സ്വദേശിക്കാണ് പണം നഷ്ടമായത്.

ചെരുപ്പിന്റെ വലുപ്പം അനുയോജ്യമല്ലാത്തതിനാൽ ഉൽപ്പന്നം തിരിച്ചുനൽകാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. നവംബർ അഞ്ചിന് ചെരുപ്പ് തിരികെ വാങ്ങുന്നതിനുള്ള പിക്കപ്പ് സമയം മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്. ഇതോടൊപ്പം മറ്റൊരു നമ്പറിൽനിന്ന് വാട്‌സ്ആപ്പ് വീഡിയോ കോളും എത്തിയതായി പൊലീസ് പറഞ്ഞു.

വീഡിയോ കോൾ നടന്നുകൊണ്ടിരിക്കെ തട്ടിപ്പുകാർ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായാണ് പരാതി. തുടർന്ന് വിവിധ ബാങ്ക് ശാഖകളിലുള്ള ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽനിന്നായി ആകെ 2,69,500 രൂപ പിൻവലിക്കുകയായിരുന്നു. പണം നഷ്ടമായ വിവരം അറിഞ്ഞ ഉടൻ ബാങ്കിനെ സമീപിച്ചെങ്കിലും തുക വീണ്ടെടുക്കാനായില്ല.

തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. നവംബർ ഏഴിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായും അവ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 318(4), ഐ.ടി. നിയമത്തിലെ 66(D) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.