₹600 കോടി കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: കെ.എ. രതീഷ് മൂന്ന് സർക്കാർ പദവികളിൽ നിന്ന് രാജിവെച്ചു

 
Kerala

₹600 കോടി കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ.എ. രതീഷ് വഹിച്ചിരുന്ന മൂന്ന് പ്രധാന സർക്കാർ പദവികളിൽ നിന്ന് രാജിവെച്ചു. കേരള ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് രാജി സമർപ്പിച്ചത്. 

അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ഒരാൾ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിനെതിരെ കേരള ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിക്കുകയും സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഉണ്ടായത്. 

കശുവണ്ടി കോർപ്പറേഷനിലെ അസംസ്കൃത കശുവണ്ടി വാങ്ങലിൽ ക്രമക്കേട് നടത്തി സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് കെ.എ. രതീഷ് പ്രതിയായിരിക്കുന്നത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടുത്തി നടപടികൾ പുരോഗമിക്കുകയാണ്.