ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയും
പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മാളികപ്പുറം ദേവീക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ അരുൺ കുമാർ നമ്പൂതിരി ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി.
ശബരിമലയിൽ രാവിലെ ഏഴരയോടെ ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. അതിനിടെ, തുലാം മാസത്തിലെ പൂജകൾക്കായി കഴിഞ്ഞ ദിവസം ക്ഷേത്രം തുറന്നു. ഒക്ടോബർ 21-ന് ക്ഷേത്രം അടയ്ക്കും. വൃശ്ചികമാസത്തിലെ ഒന്നാം തീയതി നവംബർ 15-ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ, എം വൈഷ്ണവി എന്നിവർ ചേർന്ന് അരുൺകുമാർ നമ്പൂതിരിയുടെയും വാസുദേവൻ നമ്പൂതിരിയുടെയും പേരുകൾ ഏറ്റുവാങ്ങി.
ശബരിമലയിലേക്കുള്ള പ്രാഥമിക പട്ടികയിൽ 25 പേരും മാളികപ്പുറത്തേക്ക് 15 പേരും ഉണ്ടായിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവര് കണ്ഠരര് ബ്രഹ്മദത്തൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ എ അജികുമാർ ജി സുന്ദരേശൻ സ്‌പെഷ്യൽ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ ആർ ജയകൃഷ്ണൻ്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.