ശബരിമലയിൽ ഡിജിറ്റൽ പരിഷ്കരണം: സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് ക്ഷേത്രഭരണത്തിൽ സമഗ്ര മാറ്റം
ശബരിമല ക്ഷേത്രത്തിന്റെ ഭരണനടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്ര ഡിജിറ്റൽ പരിഷ്കരണത്തിന് ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും രേഖകളും ഘട്ടംഘട്ടമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.
സംഭാവനകളുടെ കണക്കെടുപ്പ്, വരവ്-ചെലവ് രേഖകൾ, സ്വത്ത്-ആസ്തി വിവരങ്ങൾ, ഇൻവെന്ററി മാനേജ്മെന്റ്, തീർഥാടകർക്ക് നൽകുന്ന വിവിധ സേവനങ്ങൾ എന്നിവയെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കൈകാര്യം ചെയ്യാനാണ് പദ്ധതി. ഇതിലൂടെ ഭരണനടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും സേവനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കി വിജയകരമായാൽ പൂർണതോതിൽ ശബരിമല ക്ഷേത്രഭരണത്തിൽ പ്രാവർത്തികമാക്കും.
അടുത്തിടെയുണ്ടായ ക്ഷേത്ര ആസ്തികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഹൈക്കോടതിയുടെ സുതാര്യത സംബന്ധിച്ച നിർദേശങ്ങളും പരിഗണിച്ചാണ് ഡിജിറ്റൽ ഭരണസംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് വിലയിരുത്തൽ.