കെഎസ്ആർടിസിയെ രക്ഷിച്ച് ശബരിമല; മണ്ഡല-മകരവിളക്ക് സീസണിൽ 38 കോടി വരുമാനം

 
Sabarimala

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് സീസണിന്റെ ഭാഗമായി നടത്തിയ സർവീസുകളിലൂടെ കെഎസ്ആർടിസിക്ക് ഈ വർഷം ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ-നിലക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. 64.25 ലക്ഷം പേരാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15-ന് മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തർക്ക് പമ്പ-നിലക്കൽ റൂട്ടിൽ തുടർച്ചയായി ജനുവരി 16-ന് വൈകീട്ട് 7:00 മുതൽ പുലർച്ചെ 3:30 വരെ ചെയിൻ സർവീസ് ഏർപ്പെടുത്തി. ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും ദീർഘദൂര സർവീസുകൾ നടത്തി.

ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന് രാത്രി വരെ ചെയിൻ സർവീസുകളും 21ന് പുലർച്ചെ നാല് വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.