സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് കൈത്താങ്ങായി സഞ്ജു; 1,000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 1,000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസൺ ഫൗണ്ടേഷനും ലീഡ് ഐഎഎസ് അക്കാദമിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് UPSC സിവിൽ സർവീസ് പരിശീലനം നേടുന്നതിനുള്ള സാമ്പത്തിക പിന്തുണയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞവും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള കേരളത്തിലെ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നത്. വിദ്യാർഥികൾക്ക് അക്കാദമിയുടെ ഡിജിറ്റൽ പഠനവിഭവങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുമെന്നും റിപ്പോർട്ടുണ്ട്.
സാമ്പത്തിക പരിമിതികൾ കാരണം സിവിൽ സർവീസ് പരിശീലനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഠനത്തിലൂടെ രാജ്യസേവനത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സഞ്ജുവിന്റെ ഈ സംരംഭം വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.