സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതീക്ഷകൾ ഉയർന്ന്

 
Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി വി. ഡി. സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിലേക്ക് സംസ്ഥാനത്തിന്റെ ശ്രദ്ധ. ഗുരുതര സാമ്പത്തിക സമ്മർദങ്ങൾക്കിടയിലും വികസനവും ക്ഷേമപദ്ധതികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള റോഡ്‌മാപ്പാണ് ബജറ്റിലൂടെ സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് സർക്കാർ നേരത്തെ പുറത്തിറക്കിയ ധവളപത്രം വലിയ വരുമാനക്കമ്മിയും കേന്ദ്രസഹായത്തിലെ കുറവും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാമ്പത്തിക സാഹചര്യത്തിൽ അധിക വരുമാനം കണ്ടെത്തൽ, നികുതി പിരിവ് ശക്തിപ്പെടുത്തൽ, അനാവശ്യ ചെലവുകൾ നിയന്ത്രിക്കൽ, ധനകാര്യ അച്ചടക്കം ഉറപ്പാക്കൽ എന്നിവയ്ക്ക് ബജറ്റിൽ പ്രധാന പരിഗണന ലഭിക്കുമെന്നാണ് സൂചന. 

വികസന പദ്ധതികൾക്കായി ആവശ്യമായ തുക കണ്ടെത്തുക സർക്കാരിന് വലിയ വെല്ലുവിളിയാണ്. ഏകദേശം 20,500 കോടി രൂപയുടെ ധനക്കമ്മി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുകയും, അതേസമയം സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ആവശ്യമായ ധനസഹായം ഉറപ്പാക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. 

പുതിയ സർക്കാരിന്റെ വികസന കാഴ്ചപ്പാടും സാമ്പത്തിക നയങ്ങളും പ്രതിഫലിപ്പിക്കുന്ന നിർണായക രേഖയായാണ് ഈ ബജറ്റിനെ വിലയിരുത്തുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമോയെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.