കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ അടച്ചു

കൊച്ചി: കളമശ്ശേരിയിലെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ ഫലം കാത്തിരിക്കുന്നു. ഒരു സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികളെ ശനിയാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം അടുത്ത ദിവസം നടക്കാനിരുന്ന പ്രൈമറി ലെവൽ പരീക്ഷകൾ മാറ്റിവച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റിയും സ്കൂൾ താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചു.
ലക്ഷണങ്ങൾ
കടുത്ത തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങൾ ഭക്ഷണം കഴിക്കാൻ മടികാണിക്കൽ, നിഷ്ക്രിയത്വം, അസാധാരണമായ പ്രതികരണങ്ങൾ എന്നിവയാണ്.
രോഗം ഗുരുതരമാണെങ്കിൽ, അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ എത്രയും വേഗം ചികിത്സ നൽകണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ അതിനെക്കുറിച്ച് ഡോക്ടറെ അറിയിക്കണം.
അമീബിക് മെനിഞ്ചൈറ്റിസ് തടയാനുള്ള വഴികൾ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുന്നതും മുങ്ങുന്നതും ഒഴിവാക്കുക. വാട്ടർ തീം പാർക്കുകളിലും നീന്തൽക്കുളങ്ങളിലുമുള്ള വെള്ളം ശരിയായി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്നും വൃത്തിയുള്ളതാണെന്നും ഉറപ്പാക്കുക. ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക. മലിനമായ വെള്ളത്തിൽ കുളിക്കുന്നതും വൃത്തിഹീനമായ വെള്ളത്തിൽ മുഖവും വായും കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.