ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

 
Accident

തിരുവനന്തപുരം: ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ചായിരുന്നു അപകടം. പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. ടിപ്പറിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കഴക്കൂട്ടം റോഡിലാണ് അപകടം. സ്‌കൂട്ടറിൻ്റെ പിൻസീറ്റിൽ റുക്‌സാന യാത്ര ചെയ്യുകയായിരുന്നു. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പർ ഇടിക്കുകയായിരുന്നു.

ടിപ്പർ റോഡരികിലേക്ക് കയറ്റുന്നതിനിടെ റുക്‌സാനയുടെ മുകളിലൂടെ പാഞ്ഞുകയറി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. ടിപ്പർ ലോറികൾ കൂട്ടിയിടിച്ചുള്ള മറ്റ് അപകടങ്ങൾക്കും അടുത്തിടെ തിരുവനന്തപുരം സാക്ഷ്യം വഹിച്ചു. മാർച്ചിൽ തിരുവനന്തപുരം ബേക്കറി ജംക്‌ഷനു സമീപം പനവിളയിൽ ടിപ്പർ ബൈക്കിലിടിച്ച് മലയിൻകീഴ് സ്വദേശി സുധീർ മരിച്ചു.

ഇതിന് മുമ്പ് വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് ദേഹത്തേക്ക് വീണ് ബിഡിഎസ് വിദ്യാർത്ഥി മരിച്ചിരുന്നു. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ മുക്കോല സ്വദേശി അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.